കോഴിക്കോട്: പുറത്തിറങ്ങാനാകുമെന്ന യാതൊരു പ്രതീക്ഷയും പതിനെട്ട് വര്‍ഷംവരെയും ഉണ്ടായിരുന്നില്ലെന്ന് സൗദിയില്‍നിന്നു ജയില്‍മോചിതനായി വീട്ടില്‍ എത്തിയ കോഴിക്കോട് രാമനാട്ടുകര കോടമ്പുഴയിലെ അബ്ദുള്‍ റഹീം. ജനങ്ങളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയുടെയും ഇന്ത്യന്‍ എംബസിയുടെയും നിരന്തര പരിശ്രമം വിജയം കണ്ടു. എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ടെന്നും അബ്ദുൾ റഹീം പറഞ്ഞു.
പെരുന്നാള്‍ ദിനത്തില്‍ പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. റഹീമിനുള്ള എക്സിറ്റ് വീസയില്‍ സൗദി ഭരണകൂടം ഒപ്പുവച്ചതോടെ പെരുന്നാള്‍ ദിനത്തില്‍തന്നെ റഹീമിനു നാട്ടിലെത്താന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പു നൽകിയതോടെയാണ് മോചനം സാധ്യമായത്. തന്നെപ്പോലെ നിരപരാധികളായിട്ടും പ്രതികളായിട്ടുള്ള പല രാജ്യക്കാരുണ്ടെന്ന് റഹീം പറയുന്നു.
“സങ്കടങ്ങള്‍ പങ്കുവയ്ക്കും. 28 വര്‍ഷം വരെയായി ജയിലില്‍ കിടക്കുന്നവരുണ്ട്. പത്തനംതിട്ട സ്വദേശി അവിടെയുണ്ട്. എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു. കുടുംബത്തെയായിരുന്നു ഏറ്റവും മിസ് ചെയ്തത്. ഫോണ്‍ വിളിക്കാന്‍ കൊലപാതകക്കേസ് പ്രതികള്‍ക്ക് 14 മിനിറ്റാണ് സമയം. നാല് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റു കേസുകളില്‍പ്പെട്ടവര്‍ക്ക് 10 മണിക്കൂര്‍ വരെ വിളിക്കാമെന്നും റഹീം പറഞ്ഞു. നാടൊക്കെ ഒരുപാട് മാറി. നാടും റോഡുമെല്ലാം മാറി. വിദേശത്തെ റോഡ് പോലെ തന്നെയുണ്ട്’’ റഹീം പറയുന്നു.
സ്പോണ്‍സറായ സൗദി പൗരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2006 ഡിസംബര്‍ 24നായിരുന്നു റഹീം റിയാദിലെ ഇസ്കാനിലെ ജയിലിലാകുന്നത്.
സ്പോണ്‍സറുടെ ആരോഗ്യപ്രശ്നമുള്ള മകന് അനസിന്റെ ശരീരത്തില്‍ ഘടിപ്പിച്ച യന്ത്രത്തില്‍ റഹീമിന്റെ കൈ തട്ടുകയും ബോധരഹിതനായ കുട്ടി മരണപ്പെടുകയുമായിരുന്നു.
സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷമാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അവിടത്തെ നിയമത്തിന് മുന്നില്‍ ഞാന്‍ കുറ്റവാളിയായിരുന്നു ഇത്രയും കാലം. വക്കീലായിരുന്നു കാര്യങ്ങള്‍ നീക്കിയതെന്ന് റഹീം പറയുന്നു.